കോട്ടയം: വനംമന്ത്രിക്കാണ് മയക്കുവെടി വെയ്ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. മന്ത്രിക്ക് സ്ഥലകാല വിഭ്രാന്തി. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘വനംവകുപ്പ് മന്ത്രിക്കും വനംവകുപ്പിനും എന്ത് പറ്റിയെന്നാണ് എന്റെ ചോദ്യം. അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നത്. അതും നായാട്ട് സംഘത്തിന്റെ അക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ്. എന്താണ് ഇതിനൊരു പരിഹാരം എന്നല്ലേ ഗവൺമെന്റ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കുവെടി വെക്കണം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല. എന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. രണ്ട് മൂന്ന് പേർ കാട്ടുപോത്തിന്റെ അക്രമത്തിൽ മരിക്കുമ്പോൾ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? വളരെ പ്രതിഷേധാർഹമായ കാര്യമാണ്.” രമേശ് ചെന്നിത്തല പ്രതികരിച്ചു.
കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. റവന്യു വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭ നേതൃത്വത്തിനെന്നും ജോസ് കെ മാണി പറഞ്ഞു.
റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. കളക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.