ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല; ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളി ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളേ അല്ലെന്നാണ് ചെന്നിത്തലയുടെ മറുപടി.

164 പ്രകാരം മൊഴി നല്‍കുന്നതിന് തലേ ദിവസം മുതല്‍ എനിക്ക് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ഗണ്‍മാനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ ഫോണില്‍ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ചു സംസാരിച്ചു.

എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു. തിരുത്തല്‍വാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാല്‍ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞപ്പോള്‍ ആണ് ഞാന്‍ രഹസ്യമൊഴിയില്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത് എന്നായിരുന്നു ബിജു രമേശിന്റെ പ്രസ്താവന.

Top