തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിച്ച ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലായിരം കോടി കയ്യില്‍ വെച്ച് 50000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് നാട്ടില്‍ വികസനം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സമീപനമാണ് മന്ത്രി ചെയ്തുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ധനമന്ത്രി ബജറ്റിന് പുറത്താണ് എല്ലാ വികസനപ്രവര്‍ത്തനവും നടത്തുന്നത്. കിഫ്ബിക്ക് ബജറ്റുമായി യാതൊരു ബന്ധമില്ല. ഇത്തവണയും കിഫ്ബിയെ ആശ്രയിച്ചുള്ള ബജറ്റായേ ഇതിനെ കാണാനാകൂ. 50000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പണം കൊടുത്തത് 335.6 കോടിരൂപ മാത്രമാണ്. കൊട്ടിഘോഷിക്കുന്ന കിഫ്ബിയുടെ പക്കലുള്ള പണം കഷ്ടിച്ച് നാലായിരം കോടിരൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടക്കാതെ പോയ പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞ തവണ എംടിയെയാണ് കൂട്ടുപിടിച്ചതെങ്കില്‍ ഇത്തവണ സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരെ കൂട്ടുപിടിച്ചിരിക്കുകയാണ്. നിയമനനിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.