മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്‌സ് എന്ന പേരില്‍ ജോലിക്കെടുത്ത് പോലീസുകാരെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉന്നത ഉദ്യോഗസ്ഥരുടെ വസതിയില്‍ വീട്ടുപണിക്കായി ഇവരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ച് 21 ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. സഭയെയും പൊതുജനത്തെയും മുഖ്യമന്ത്രി വിഡ്ഢികളാക്കിയെന്നും മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ക്യാമ്പ് ഫോളോവേഴ്സ് എന്നപേരിൽ ജോലിക്കെടുത്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വസതികളിൽ അടിമപണി ചെയ്യിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ഇവരെ കൊണ്ട് വീട്ടുപണികളും വസ്ത്രം അലക്കിപ്പിക്കുക മുതൽ മേസ്തരിപ്പണിയും വളർത്തുപട്ടിയെ കുളിപ്പിക്കുന്നത് വരെ ചെയ്യിക്കുന്നു എന്നവാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിപ്പിക്കുകയും പ്രതികരിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയും പതിവാണ്.ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിൽ വീട്ടുപണിക്കായി ഇവരെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാർച് 21 ന് മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു.സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തയിലൂടെ വ്യക്തമാകുന്നത്.അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നോട്ടീസ് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണം.

Top