ramesh chennithala against CPI-CPM

ന്യൂഡല്‍ഹി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തില്‍ ഗൂഢാലോചനവാദം ആരും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ജാള്യത പറ്റുമ്പോഴുള്ള സ്ഥിരം അടവാണെന്നും ചെന്നിത്തല ആരോപിച്ചു.

ഭരണത്തെ സംബന്ധിച്ച് പ്രതിപക്ഷ പറഞ്ഞതെല്ലാം ശരിയാണെന്ന് സിപിഐയുടെ വിമര്‍ശനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. ജനകീയ വിഷയങ്ങളില്‍ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സിപിഐ നടത്തിയത്. ഇത് അഭിനന്ദനാര്‍ഹമാണ്.

മൂന്നാര്‍ വിഷയത്തിലും മഹിജയ്‌ക്കെതിരായ പൊലീസ് നടപടിക്കെതിരേയും വിമര്‍ശിച്ച സിപിഐയുടെ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിലുള്ള ശക്തമായ അഭിപ്രായ വ്യത്യാസമാണ് സിപിഐയുടെ വിമര്‍ശനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ എത്തിയതില്‍ എന്ത് ഗുഢാലോചനയുണ്ടെന്നാണ് സിപിഎം പറയുന്നത്.

മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയാണ് അവിടെ കണ്ടത്. വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും പറ്റിയ പാളിച്ച മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top