തിരുവനന്തപുരം: മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബിജെപിയുമായി സിപിഐഎം രഹസ്യധാരണയ്ക്ക് നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് സിപിഐഎമ്മിനും ബിജെപിക്കും നന്നായി അറിയാം. കഴിയുന്നത്ര ഭൂരിപക്ഷം കുറയ്ക്കുകയെന്നത് ഇരുകക്ഷികളുടെയും പൊതു ആവശ്യമാണ്. ഇതിന് വേണ്ടിയാണ് അണിയറയില്‍ അവര്‍ സഖ്യമുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇത് മറച്ച് വയ്ക്കാനാണ് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് മേല്‍ ബിജെപി ബന്ധം ആരോപിക്കുന്നത്. നാല് വോട്ടിനും രണ്ട് സീറ്റിനുമായി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടികാണിക്കാത്ത പാര്‍ട്ടി സിപിഐഎം ആണെന്ന കാര്യം വിഎസ് മറക്കരുതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ 312 എംഎല്‍എമാര്‍ ഉണ്ടായിട്ടും അവരില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കാതെ തീവ്രഹിന്ദുത്വ നിലാപാടുകളിലൂടെ വിവാദനായകനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ട മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വളരെ അപകടകരമായ കാലഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നത്. മതേതര വോട്ടുകള്‍ ചിതറിപ്പോയത് കൊണ്ടാണ് യുപിയില്‍ ബിജെപിക്ക് സീറ്റുകള്‍ തൂത്തുവാരാനായത്. രാഷ്ട്രത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ മതേതര ശക്തികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത യുപി തെരഞ്ഞെടുപ്പ് അടിവരയിടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.