ഹരിപ്പാട്: പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കി കൊണ്ടുവരുന്ന കെ റെയിലിനോട് ആര്‍ക്കും യോജിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു ബദല്‍ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സര്‍ക്കാര്‍ ആ പദ്ധതി ഏറ്റെടുക്കണം. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ജനങ്ങളുടെ ആശങ്കങ്ങള മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി വേണ്ടെന്നു വയ്ക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പല്ലു പറിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷം കടുത്ത നിലപാട് എടുക്കുമ്പോഴും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.