തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവില്‍ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
യുവപത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സര്‍വ്വീസില് തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തന് പുറത്തും പുറത്ത് നില്‍ക്കേണ്ട ശ്രീറാം വെങ്കിട്ട രാമന്‍ അകത്തും ആയ അവസ്ഥയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.