തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല.
യാതൊരു നിയന്ത്രണമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില അനുദിനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയാണു പതിവ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരിക്കല്‍പോലും ഈ നികുതി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറായിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.
മറ്റു പല സംസ്ഥാനങ്ങളും നികുതിയില്‍ കാര്യമായ ഇളവാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചുരുക്കത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.