സിപിഎം സെക്രട്ടേറിയറ്റ് നിലപാട് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അധികാരത്തിലിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്ന അഹങ്കാരത്തിന്റെ സ്വരമാണിത്. പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോകാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട് എന്ന് സിപിഎം മനസിലാക്കണം. ഇതില്‍ തെറ്റില്ലെങ്കില്‍ എന്തിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്തി വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്. ഉമ്മന്‍ ചാണ്ടി പാര്‍ട്ടി യോഗത്തിന് പോകാന്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചിട്ടില്ല. ജയലളിതയുടെ ശവസംസ്‌ക്കാര ചടങ്ങിന് പ്രത്യേക വിമാനത്തിലാണ് പോയതെന്ന മുഖ്യമന്ത്രി പറയുന്നതും ശരിയല്ല. അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും സാധാരണ യാത്രാ വിമാനത്തിലാണ് പോയത്.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തെറ്റിദ്ധാരമ പരത്താന്‍ ശ്രമിക്കുകയാണ്. പാവങ്ങളുടെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ഹെലികോപ്റ്റര്‍ യാത്രാ പ്രശ്‌നത്തില്‍ വ്യക്തമാകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top