മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവം ; കുട്ടനാട്ടിലെത്താത്തതിന് ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട് അവലോകനയോഗം പ്രഹസനമായി. പ്രളയദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് മന്ത്രിമാര്‍ പ്രളയബാധിതമേഖലയിലെത്തിയത്. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ഒന്നര മണിക്കൂര്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു.

അതേസമയം കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ അവലോകനയോഗത്തില്‍ ധാരണയായി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മടകെട്ടാത്ത പാടശേഖരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. കുട്ടനാട്ടിലെ പ്രളയത്തില്‍ 1000 കോടിയുടെ നഷ്ടമെന്ന് ജി.സുധാകരന്‍ പറഞ്ഞു. റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു.

Top