തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് കൊള്ളരുതാത്തവരായി മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇ.ഡി.ചോദ്യം ചെയ്യുമ്പോള്‍ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വിവിധ പദ്ധകളിലൂടെ ശിവശങ്കര്‍ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് പരിഭ്രാന്താനാകുന്നത്. ഇത് ജനാധിപത്യത്തില്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിവിട്ട് പോകുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. എന്നാലിവിടെ വഴിവിട്ട് പോകുകയല്ല ചെയ്തത്. അവര്‍ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
തങ്ങള്‍ ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന് ധിക്കാരപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതിന്റെ ഭാഗമാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത്. എന്തിനാണ് പിണറായി അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടു വന്നത്. ശിവശങ്കറിനെ വിജിലന്‍സ് പ്രതിയാക്കിയത് സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം മാത്രമാണ്. അതൊരു കബളിപ്പിക്കലാണ്. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ മുഖ്യമന്ത്രിയായതിന് ശേഷം പിണറായി പറഞ്ഞിട്ടില്ല. പിണറായിക്ക് ഭയമാണ് ഇരുവരേയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബിജെപിയുടെ സഹായം ലഭിച്ചിട്ടുള്ളത് പിണറായി വിജനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.