താനും ആഭ്യന്തര മന്ത്രിയായിട്ടുണ്ട്; മുഖ്യമന്ത്രി അറിയാതെ കേരള പൊലീസ് ചലിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നിന്ന് പ്രതികള്‍ ബംഗളൂരുവില്‍ എത്തിയത് കേരള പൊലീസിന്റെ സഹായത്തോടെ തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു. താനും ആഭ്യന്തര മന്ത്രിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയാതെ കേരള പോലീസ് ചലിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.

ശാസ്ത്രീയമായി എങ്ങനെ പണമുണ്ടാക്കാം, അഴിമതി നടത്താം എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു. ഓഫീസില്‍ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അദ്ദേഹത്തിന് കേരളം ഭരിക്കാനാകുമെന്ന് ചെന്നിത്തല ചോദിച്ചു.

കേസില്‍ കേരള പോലീസും ആഭ്യന്തര വകുപ്പും കാണിക്കുന്നത് ഗൗരവമായ അലംഭാവമാണ്. പ്രതികള്‍ക്ക് എതിരായി ഏതെങ്കിലും എഫ്‌ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നത് തന്നെയാണ് പൊലീസ് നിശബ്ദതയുടെ അര്‍ഥം. സ്വര്‍ണക്കടത്തിലെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു

മുഖ്യമന്ത്രി നല്‍കുന്ന അധികാരം ദുരുപയോഗം ചെയ്ത് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ആ മുഖ്യമന്ത്രിക്ക് ഒരു നിമിഷം തുടരാനുള്ള അധികാരമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അഴിമതിക്ക് റെക്കാര്‍ഡിട്ട സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top