ശ്രീധരന്‍പിള്ളയെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് വിലക്കണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ശ്രീധരന്‍പിള്ളക്കെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ നിരവധി തവണ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു. ജനപ്രാധിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരന്‍ പിള്ള നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വര്‍ഗ്ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഹര്‍ജിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കോടതി നോട്ടീസയച്ചു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടി ഇണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

Top