തിരുവനന്തപുരം: വനിതാ മതില്‍ സംഘാടകസമിതിയുടെ രക്ഷാധികാരിയായി അനുവാദമില്ലാതെ തന്റെ പേര് നിശ്ചയിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ അറിവോടെയല്ല ഈ തീരുമാനമെന്ന് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തില്‍ തന്റെ പ്രതിഷേധം അദ്ദേഹം ജില്ലാ കളക്ടറെ അറിയിച്ചു.
അതേസമയം രമേശ് ചെന്നിത്തലയെ മുഖ്യരക്ഷാധികാരിയാക്കിയത് എല്ലാ ജില്ലകളിലെയും പ്രധാന ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയത് പോലെയാണെന്ന് ജില്ലാഭരണകൂടം വിശദീകരിച്ചു. മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് ചെന്നിത്തലയെ ജില്ലാ സംഘാടനസമിതിയുടെ രക്ഷാധികാരിയാക്കിയത്.
അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 27-ാം വകുപ്പിന്റെ നഗ്നമായ ലംഘനവും, ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയുമാണ് ഉത്തരവെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. 27-ാം വകുപ്പ് പ്രകാരം സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചെലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചെലവിടാന്‍ പാടില്ലന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.