തിരുവനന്തപുരം: എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം സഭയ്ക്കും സംസ്ഥാനത്തിനും അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ അംഗങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സഭാ നടപടികള്‍ക്ക് യോജിച്ചതല്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇത് അംഗങ്ങളുടെയും സഭയുടെയും അന്തസിനേറ്റ ക്ഷതമാണെന്നും അദ്ദേഹം ആരോപിച്ചു. സഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലര്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം നിയമസഭയില്‍ വാക്‌പോരിനും വന്‍ബഹളത്തിനുമിടയാക്കിയിരുന്നു.