മാണിയുടേത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.

മാണി നടത്തിയത് അവസരവാദ പരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മാണിക്കെതിരെ ആരോപണമുന്നയിച്ചവരാണ് സിപിഎം. സിപിഐ രാഷ്ട്രീയ മര്യാദ കാട്ടിയെന്നും മാണിക്കെതിരെ പറഞ്ഞത് മാറ്റി പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.

ധാരണയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത്. മാണിയുടേത് രാഷ്ട്രീയ കുതിരക്കച്ചവടമാണ്. ശത്രുപക്ഷമായ സിപിഎമ്മിനോട് കൈകോര്‍ക്കാന്‍ മാണിക്ക് യാതൊരു മടിയുമുണ്ടായില്ല. ഇത് രാഷ്ട്രീയ അവസരവാദമാണ്.

സിപിഎമ്മിന്റെ യഥാര്‍ഥ മുഖം പുറത്ത് വന്നിരിക്കുകയാണെന്നും കോട്ടയത്തേത് പ്രാദേശികമായ കൂട്ടുകെട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വേറെ ആളെ നോക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ കെഎം മാണിയുമായി സിപിഎം കൂട്ടു ചേര്‍ന്ന സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് മാന്യത വിട്ടു പെരുമാറിയിട്ടില്ല. യുഡിഎഫ് വിടാന്‍ മതിയായ കാരണങ്ങള്‍ ഇല്ലായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന എല്ലാ ധാരണക്കും എതിരാണിതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

സിപിഎം മലക്കം മറിയുകയാണ്. എന്തെല്ലാം സമരങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും സിപിഎം മാണിക്കെതിരെ നടത്തിയത്. അത് മാറ്റിപ്പറയാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ കടുത്ത വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് മതിയായ കാരണം ഇല്ലാതെ വിട്ടു പോയപ്പോള്‍ പോലും കോണ്‍ഗ്രസ് വളരെ മിതത്വം കാട്ടി. കെഎം മാണി ഇന്ന് പറഞ്ഞ കാരണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മറു ചേരിയിലേക്ക് പോകാന്‍ മാണിക്ക് ഒരു കാരണവും പറയാനില്ല.

ജനാധിപത്യ കേരളം ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസിലെ അണികളും നേതാക്കളും ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top