തിരുവനന്തപുരം: മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഇന്ത്യയെ വിഭജിക്കുന്ന നിയമം നടപ്പാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മതത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുന്നത് ഇരുണ്ട കാലഘട്ടത്തിലേക്കുള്ള തിരിച്ച് പോക്കാണ്. സമൂഹത്തെ മതത്തിന്റെ പേരില്‍ രണ്ടായി വിഭജിക്കാനുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വഴി ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനാണ് ശ്രമം നടന്നത്. കരി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകും. രാജ്യത്ത് പടരുന്ന ഭയത്തിന് എതിരായ കൂട്ടായ്മയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മൗലിക അവകാശങ്ങള്‍ക്കെതിരായ കടന്ന് കയറ്റമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.ഒരു ആഭ്യന്തരമന്ത്രിയും സംസാരിക്കാന്‍ പാടില്ലാത്ത വിധമാണ് അമിത്ഷായുടെ പ്രസംഗമെന്നും ചെന്നിത്തല ആരോപിച്ചു. പെരും നുണകളുടെ ഹിമാലയത്തില്‍ കയറി നിന്നാണ് ഇന്ത്യയുടെ മതേരത്വത്തെ തകര്‍ക്കുന്ന ബില്ല് അമിത്ഷാ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.