രാഷ്ട്രപതിയിലേക്കുള്ള പ്രണബിന്റെ നിയോഗത്തെ രാജ്യം ഉറ്റുനോക്കിയിരുന്നു ; ചെന്നിത്തല

chennithala

തിരുവനന്തപുരം: രാഷ്ട്രപതി ഭവനില്‍ നിന്നും പടിയിറങ്ങുന്ന പ്രണബ് മുഖര്‍ജിക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഷ്ട്രീയക്കാരനില്‍ നിന്നും രാജ്യത്തെ പ്രഥമ പൗരനിലേക്കുള്ള അദ്ദേഹത്തിന്റെ നിയോഗത്തെ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്നും വിവാദങ്ങളൊന്നും തന്നെ സൃഷ്ടിക്കാതെ ഉറച്ച നിലപാടുമായാണ് രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ നടമാടിയപ്പോള്‍ പ്രണബ് മുഖര്‍ജി നല്‍കിയ സന്ദേശത്തില്‍ താക്കീതിന്റെ സ്വരം രാജ്യം തിരിച്ചറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം . . .

പൂര്‍ണ സമയ രാഷ്ട്രീയക്കാരനില്‍ നിന്നും രാജ്യത്തെ പ്രഥമ പൗരനിലേക്കുള്ള പ്രണബ് മുഖര്‍ജിയുടെ നിയോഗത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ഭരണ ഘടനയെ മുറുകെ പിടിച്ച് ഉചിത സമയത്ത് എടുത്ത പ്രായോഗികതയും പക്വതയുമുള്ള തീരുമാനങ്ങള്‍ രാജ്യം അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ മാറ്റ് കൂട്ടി. അസഹിഷ്ണുതയും ഗോവധത്തിന്റെ പേരില്‍ ആളുകളെ തല്ലികൊല്ലുകയും ചെയ്യുന്നത് വര്‍ദ്ധിച്ചപ്പോള്‍ ഇതിനെതിരായി പ്രണാബ് മുഖര്‍ജി നല്‍കിയ സന്ദേശത്തില്‍ നിന്നും താക്കീതിന്റെ സ്വരം രാജ്യം തിരിച്ചറിഞ്ഞു. ബഹുസ്വരത സംഗീതം പോലെ ആസ്വദിക്കുന്ന ഭാരതീയ പൈതൃകത്തെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

വിവാദത്തിന്റെ നേരിയ രേഖ പോലും സൃഷ്ടിക്കാതെ,ഉറച്ച നിലപാടുമായി അഭിമാനത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി പിടിച്ച അങ്ങ് രാഷ്ട്രപതിഭവന്റെ പടിയിറങ്ങുമ്പോള്‍ അഞ്ച് വര്‍ഷം സമ്മാനിച്ച അഭിമാന നിമിഷങ്ങളെ ഞങ്ങള്‍ നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു.

Top