ബ്രൂവറി വിഷയം; രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കും

ramesh-chennithala

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചെന്നിത്തല കോടതിയില്‍ പരാതി നല്‍കുന്നത്. കേസെടുക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെടും.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറി കേസെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യ മുതലാളിമാരെ സഹായിച്ചെന്നുമാണ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത്.

ബ്രൂവറി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ പി.സദാശിവം തള്ളിയിരുന്നു. ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കുമെതിരെ അന്വേഷണത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് ചെന്നിത്തല നിരവധി തവണയാണ് കത്ത് നല്‍കിയത്.

ബ്രൂവറി,ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെയും പറഞ്ഞിരുന്നു. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Top