അഹങ്കാരവും അധികാരപ്രമത്തതയുമാണ് പിണറായി സര്‍ക്കാറിന്റെ ശൈലിയെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എടുത്തുപറയാനുള്ള ഒരു നേട്ടവും സര്‍ക്കാരിനുണ്ടാക്കാനായില്ലെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന അസാധാരണമായ സാഹചര്യമാണുള്ളത്. അധികാരപ്രമത്തതയും അഹങ്കാരവുമൊക്കെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാന്‍ പോലം ജനങ്ങള്‍ക്ക് നിര്‍വ്വാഹമില്ല. മുന്നണിക്കകത്തെ വിവാദങ്ങളും അസ്വാരസ്യങ്ങളും അവസാനിപ്പിക്കാന്‍ ഒരു ശ്രമവുമുണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എടുത്തുപറയാനുള്ള ഒരു നേട്ടവുമുണ്ടാക്കാന്‍ അധികാരമേറ്റെടുത്ത് ഒരുവര്‍ഷമായിട്ടും സര്‍ക്കാരിന് സാധിച്ചില്ല. പിണറായി സര്‍ക്കാരിന്റെ നേട്ടമായി എടുത്തുപറയുന്ന കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നീ മൂന്നു പദ്ധതികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതാണ്. അടിസ്ഥാനവികസനത്തിന് വഴിതെളിയിക്കുന്ന ഒരു കര്‍മപദ്ധതിയും പുതിയതായി ആരംഭിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

സര്‍ക്കാരിന്റ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ബഡ്ജറ്റ് പ്രസംഗം പോലയായിരുന്നു. നടന്ന ഒരു പദ്ധതിയെപ്പറ്റിയും പറഞ്ഞില്ല. നടക്കാന്‍ പോകുന്ന പദ്ധതികളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മാത്രമായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. പുതിയ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. അഴിമതി നടത്തിയതിനാണ് ഇപി ജയരാജന് രാജിവയ്‌ക്കേണ്ടിവന്നത്. കശുവണ്ടി ഇറക്കുമതി കേസില്‍ മന്ത്രിയെ വെള്ളപൂശാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ബാലകൃഷ്ണപിള്ളയ്ക്ക് അധികാരം നല്‍കിയതുവഴി അഴിമതിക്കാര്‍ക്ക് അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

Top