രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍; മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് ചെന്നിത്തല

തൃശ്ശൂര്‍: സ്വര്‍ണക്കടത്തു കേസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം നടന്നു കൊണ്ടിരുന്നപ്പോള്‍ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ആ അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടു കൂടിയാണ് മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയത്. മുഖ്യമന്ത്രിയുടെ പങ്ക് ഈ കാര്യത്തില്‍ അന്വേഷണ വിധേയമാക്കേണ്ടത് അനിവാര്യമാണ്. അത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വന്നതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് കണ്ടത്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഒരു ഡസന്‍ യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുക്കാനുള്ളത് പാര്‍ട്ടി തീരുമാനമാണ്. ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടണമെന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ് ഈ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

സത്യവുമായും വസ്തുതയുമായും ഒരു ബന്ധവുമില്ലാത്ത ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Top