Ramesh chennithala-dgp-vigilance-director-for-escape

തിരുവനന്തപുരം: ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോക്‌നാഥ് ബെഹറയെയും ഋഷിരാജ് സിങ്ങിനെയും വിജിലന്‍സ് ഡയറക്ടറാക്കാത്തതിന് കാരണം വകുപ്പ് മന്ത്രിയുടെ സ്വയം രക്ഷ.

വിന്‍സന്‍ എം പോള്‍ വിരമിച്ചപ്പോള്‍ സീനിയോരിറ്റി പ്രകാരം ഈ മൂന്ന് ഡിജിപിമാരില്‍ ആരെങ്കിലുമായിരുന്നു യഥാര്‍ത്ഥത്തില്‍ വിജിലന്‍സ് ഡയറക്ടറാകേണ്ടിയിരുന്നത്.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച രണ്ട് കേഡര്‍ ഡിജിപി തസ്തികയില്‍ ഒന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപിക്കും, മറ്റൊന്ന് വിജിലന്‍സ് ഡയറക്ടര്‍ തസ്തികയ്ക്കുമാണ്. ക്രമസമാധാന ചുമതലയുള്ള ടി.പി സെന്‍കുമാറിനെ മാറ്റിനിര്‍ത്തിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആദ്യ പരിഗണന ജേക്കബ് തോമസിനോ അതല്ലെങ്കില്‍ ലോക്‌നാഥ് ബെഹ്‌റക്കോ ആണ് നല്‍കേണ്ടിയിരുന്നത്.

ഇനി ഇവരെ രണ്ട് പേരെയും സര്‍ക്കാരിന് ‘ ബോധ്യമല്ലെങ്കില്‍’ മൂന്നാമനായ ഋഷിരാജ് സിങ്ങിനെയും പരിഗണിക്കാമായിരുന്നു.

എന്നാല്‍ കര്‍ക്കശക്കാരായ ഡിജിപിമാരുടെ മൂവര്‍ സംഘത്തെ ഒഴിവാക്കി ജൂനിയറായ ശങ്കര്‍ റെഡ്ഡിയെയാണ് ആഭ്യന്തര വകുപ്പ് വിജിലന്‍ തലപ്പത്ത് അവരോധിച്ചത്.

കേന്ദ്രത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഡയറക്ടര്‍ നിയമനം പുന: പരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

താനടക്കമുള്ളവര്‍ക്കെതിരായ കോഴ ആരോപണവും അന്വേഷണ സാധ്യതയും മുന്നില്‍ കണ്ടാണ് രമേശ് ചെന്നിത്തല ഈ ഡിജിപി പുലികളെ മാറ്റിനിര്‍ത്തി ശങ്കര്‍ റെഡ്ഡിയെ അവരോധിക്കാന്‍ താല്‍പര്യമെടുത്തതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ ശങ്കര്‍ റെഡ്ഡി തെറിക്കുമെന്ന് മാത്രമല്ല മൂവര്‍ സംഘത്തിലെ ആരെങ്കിലുമായിരിക്കും വിജിലന്‍സ് തലപ്പത്ത് അവരോധിക്കപ്പെടുക.

സീനിയോറിറ്റി പരിഗണിക്കാതെ അപമാനിച്ചതിലുള്ള അരിശം ഡിജിപിമാര്‍ പ്രകടിപ്പിക്കുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

Top