കോണ്‍ഗ്രസിന്റെ തോല്‍വി:എ.കെ ആന്റണിയുടെ തലയില്‍ വെച്ചുകെട്ടരുതെന്ന് പ്രതിപക്ഷ നേതാവ്

chennithala

തിരുവനന്തപുരം: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി എ.കെ. ആന്റണി കാരണമാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവര്‍ത്തത്തിന്റെ ഭാഗമായാണ്. പല മുതിര്‍ന്ന നേതാക്കള്‍ക്കും വിവിധ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരുന്നു.

ജനറല്‍ സെക്രട്ടറിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉള്‍പ്പെടെ രൂപപ്പെടുത്തിയത്. സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നുവെന്ന് മറക്കരുത്. പരാജയത്തിന്റെ പാപഭാരം ഒരാളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പരാജയത്തില്‍ ഏ കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവര്‍ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവല്ല ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. ആദര്‍ശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളി വാരിഎറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

പല സംസ്ഥാനങ്ങളിലും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് എതിരുനിന്നത് എ.കെ. ആന്റണിയാണെന്ന തരത്തില്‍ വിമര്‍ശമുണ്ടായിരുന്നു. ഇതിനു മറുപടിയായാണ്‌ രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

Top