പുതിയ നേതൃത്വത്തിന് കോണ്‍ഗ്രസ്സിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും; ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ പുതിയ നേതൃത്വത്തിലുള്ളത്. അവരുടെയെല്ലാം നേതൃത്വത്തില്‍ കൂടുതല്‍ കരുത്തോടെ കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിച്ച് മുന്നോട്ട് പോകാനുള്ള ദൗത്യമാണ് എല്ലാവര്‍ക്കുമുള്ളതെന്നും ചെന്നിത്തല പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുതിയ നേതൃത്വം കോണ്‍ഗ്രസിനെ ഒരുമിപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകും.
എല്ലാ യു ഡി എഫ് ഘടകക്ഷികളുമായും ആശയ വിനിമയം നടത്തി അവരുടെ അംഗീകാരത്തോടെയാണ് ബെന്നി ബഹ്നാനെ പുതിയ കണ്‍വീനറായി നിയോഗിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി, എം എല്‍ എ എന്നീ പദവികളില്‍ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചയം യു ഡി എഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിയും.കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി യു ഡി എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍ വളരെ സ്തുത്യര്‍ഹമായ നിലയിലാണ് യു ഡി എഫിനെ മുന്നോട്ടു കൊണ്ട് പോയത്. ഘടക കക്ഷികളെ യോജിപ്പിച്ച് കൊണ്ട് അദ്ദേഹം വളരെ നല്ല നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം യു ഡി എഫിനെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസും യു ഡി എഫും എക്കാലവും വിലമതിക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുതുതായി വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സംവിധാനം എ ഐ സി സി കൊണ്ടുവന്നതിന്റെ ഭാഗമാണ് കേരളത്തില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചത്. അത് പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്ന് വിലയിരുത്തലാണ് ഐ ഐസി സിക്കുളളത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും.
മുല്ലപ്പള്ളി രാമചന്ദ്രന് പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും പൂര്‍ണ്ണമായും യോജിപ്പിച്ച് കൊണ്ടു പോകാന്‍ കഴിയുമെന്ന പൂര്‍ണ്ണമായ വിശ്വാസമാണ് എല്ലാവര്‍ക്കുമുള്ളത്. ഞാന്‍ കെ പി സി സി പ്രസിഡന്റായിരിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വളരെ നല്ല സേവനമാണ് നടത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്ന നിയമനം ആണ് നടന്നിരിക്കുന്നത്.
കെ മുരളീധരന്റെ പരിചയ സമ്പത്തും, പ്രാഗല്‍ഭ്യവും പ്രചരണ രംഗത്ത് എല്ലാ കാര്യങ്ങളെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ സഹായിക്കും. കെ മുരളീധരന്‍ അക്കാര്യത്തില്‍ പൂര്‍ണ്ണമായി വിജയിക്കുമെന്ന ഉറച്ച് വിശ്വാസമാണ് എനിക്കുള്ളത്. പ്രചരണ സമിതി അധ്യക്ഷന്‍മാരായ കെ പി സി സി മുന്‍ പ്രസിഡന്റുമാരെ സാധാരണ നിയോഗിക്കാറുള്ളതാണ്.
രാജ്യത്തൊട്ടാകെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്നത് വലിയൊരു പോരാട്ടമാണ്. അതിന് നേതൃത്വം കൊടുക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയും. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്ലാം വലിയ പോരാട്ടം തന്നെ പാര്‍ട്ടിക്ക് നടത്തേണ്ടി വരും. കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ അതി ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടിയുടെ മുമ്പിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായി ഒറ്റെക്കെട്ടായി മുന്നോട്ട് പോകും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ പുതിയ നേതൃത്വത്തിലുള്ളത്. വളരെ പരിചയ സമ്പന്നരായ, കഴിവുള്ള നേതാക്കന്‍മാരാണ് ഇവരെല്ലാം. അവരുടെയെല്ലാം നേതൃത്വത്തില്‍ കൂടുതല്‍ കരുത്തോടെ കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിച്ച് മുന്നോട്ട് പോകാനുള്ള ദൗത്യമാണ് എല്ലാവര്‍ക്കുമുള്ളത്.

Top