തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് ഈ നാട്ടില്‍ പ്രയോജനമുള്ളത് ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജയിലുകളില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാനായി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുമ്പോള്‍ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികള്‍ക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികിത്സയും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് കൊണ്ട് ഈ നാട്ടില്‍ ആര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടെങ്കില്‍ അത് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രമാണ്. ചട്ടം ലംഘിച്ച കുഞ്ഞനന്തന് അനുവദിച്ച പരോള്‍ ഉടന്‍ റദ്ദാക്കി ജയിലിലേക്ക് തിരിച്ചയക്കണം.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ നീട്ടി നല്‍കുന്നതിലൂടെ ജനാധിപത്യത്തെയും, നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുയാണ് സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്.
ഭരണത്തിന്റെ ബലത്തില്‍ പരോള്‍ കഴിഞ്ഞിട്ടും പി കെ കുഞ്ഞനന്തനെ ജയിലിലേക്ക് തിരിച്ച് കൊണ്ടുവരില്ലെന്ന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പരോള്‍ നല്‍കി നാല്‍പ്പത് ദിവസം കുഞ്ഞനന്തനെ വീട്ടില്‍ താമസിപ്പിച്ച ശേഷം വീണ്ടും അഞ്ച് ദിവസം കൂടി പരോള്‍ നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനകം തന്നെ ഒരു വര്‍ഷത്തിലധികം കാലം പി കെ കുഞ്ഞനന്തന്‍ ജയിലിന് വെളിയിലായിരുന്നു. കുഞ്ഞനന്തന് തോന്നുമ്പോഴൊക്കെ ജയിലിന് പുറത്ത് പോകാം എന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിലെ ജയിലുകളില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാനായി സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തിരിക്കുമ്പോൾ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികള്‍ക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികല്‍സയും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാണ്.
#murderpolitics
#Cpmterror