തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംശയമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമന ആരോപണം സംബന്ധിച്ച് മന്ത്രി കെ ടി ജലീല്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ഗവര്‍ണറെ കാണുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.
പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം കഴിഞ്ഞ ദിവസം യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി കൊണ്ട് മന്ത്രി കെ ടി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.
സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിന് പ്രതികരണമായി ‘ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി’ എന്ന തലക്കെട്ടില്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലിയെക്കാള്‍ താഴ്ന്ന ജോലിയാണിതെന്നാണ് മന്ത്രി വിശദീകരണമായി വ്യക്തമാക്കിയത്.