ബിനോയ് കോടിയേരി വിവാദത്തില്‍ നിന്ന് സിപിഎമ്മിന് തലയൂരാനാകില്ലെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസും പരാതിയുമില്ലെന്ന് പറഞ്ഞ് പ്രശ്‌നം മൂടി വയ്ക്കാന്‍ സിപിഎം എത്ര ശ്രമിച്ചാലും ഈ വിവാദത്തില്‍ നിന്നും തലയൂരാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇങ്ങനെ ഒരു പരാതിയേ ഇല്ലെന്ന് പാര്‍ട്ടി പറയുമ്പോള്‍ പരാതി ലഭിച്ചിരുന്നു എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഒരു ടിവി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

(ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസും പരാതിയുമില്ലെന്ന് പറഞ്ഞ് പ്രശ്നം മൂടി വയ്ക്കാന്‍ സി.പി.എം എത്ര ശ്രമിച്ചാലും ഈ വിവാദത്തില്‍ നിന്നും തലയൂരാനാകില്ല. ഇങ്ങനെ ഒരു പരാതിയേ ഇല്ലെന്ന് പാര്‍ട്ടി പറയുമ്പോള്‍ പരാതി ലഭിച്ചിരുന്നു എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഒടു ടിവി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കയാണ്. പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന് ബിനോയ് ഫേസ് ബുക്ക് പോസ്റ്റില്‍ നേരത്തെ സമ്മതിച്ചിട്ടുമുണ്ട്. ഈ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് കേരളത്തില്‍ ഇടതു പക്ഷത്തുള്ള ഒരു എം.എല്‍.എ ചില നീക്കങ്ങള്‍ നടത്തുന്നതായും വിവരം പുറത്തു വന്നിട്ടുണ്ട്. ഇതൊക്കയാണ് വസ്തുതകള്‍ എന്നിരിക്കെ പരാതിയും കേസുമില്ല എന്നൊക്കെ പറഞ്ഞ് സി.പി.എം ഇതിനെ മൂടി വയ്ക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.

സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി കേരളത്തില്‍ ആഭ്യന്തരത്തിന്റെയും ടൂറിസത്തിന്റെയും മന്ത്രിയായിരുന്നയാളാണ്. ആ സമയത്താണ് അദ്ദേഹത്തിന്റെ മകന്‍ വിദേശത്ത് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ആ നിലക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം അത്യാവശ്യമാണ്. കോടികളുടെ ബിസിനസ് നടത്താന്‍ ബിനോയ്ക്കുള്ള സാമ്പത്തിക സ്രോതസ് ഏതായിരുന്നെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ബിനോയിയുടെ കേസിന് പുറമെ ഇടതു എം.എല്‍.എ വിജന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും അതീവ ഗുരുതരകമായ ആരോപണമാണുള്ളത്. ശ്രീജിത്തിനെ തട്ടിപ്പു കേസില്‍ ദുബായില്‍ തടവ് ശിക്ഷക്ക് പോലും വിധിച്ചിരിക്കുകയാണ്. സി.പി.എം അതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ്?

അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയും അവിശുദ്ധ ബന്ധങ്ങള്‍ക്കെതിരെയും പ്ലീനത്തില്‍ സംസാരിക്കുകയും സ്വന്തം കുടുംബത്തില്‍ നടക്കുന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ഭാവിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു എന്ന് സിപിഎം നേതാക്കള്‍ മനസിലാക്കണം.

Top