തിരുവനന്തപുരം: പ്രളയത്തില്‍ 450 പേര്‍ മരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയം സംബന്ധിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
ഡാം മാനേജ്‌മെന്റ് പാളിയെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.
മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ പ്രളയത്തിന് കാരണമെന്ന് പരിശോധിക്കും. ഡാമുകള്‍ തുറന്നത് മുന്നറിയിപ്പ് ഇല്ലാതെയാണെന്നും ഡാമുകളില്‍ ചെളി അടിഞ്ഞു കൂടിയത് കണ്ടെത്തനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയം അതിഭീകരമാകാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉണ്ടായ വീഴ്ച്ചയാണെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.
കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചിരുന്നില്ല. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്ന് ഉള്‍പ്പെടെ പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണ്ടതാണ്. എന്നാല്‍, യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.