മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ഹര്‍ജി.

കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിട്ടും, അത് പരിഗണിക്കാന്‍ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചട്ടങ്ങള്‍ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയില്‍ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തയ്‌ക്കോ തര്‍ക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണ്.

വിസിയുടെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലു ണ്ടായെന്ന ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു അവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

Top