രമേശ് ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു ; ഷട്ടര്‍ തുറക്കുക അനിവാര്യം

ramesh chennithala

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടികള്‍ വേഗം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റോയ്.കെ.പൗലോസ് ഉള്‍പ്പെടയുള്ള ഡിസിസി നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയത്.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. രാവിലെ 2,394.58 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.64 അടിയിലെത്തിയിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ടും നല്‍കും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.

ദേശീയ ദുരന്തസേനയുടെ ഒരുസംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്, ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരില്‍ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനു തയ്യാറാണ്.

Top