തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചെന്നും താനും നിലപാട് വ്യക്തമാക്കിയെന്നാണ് തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍ താന്‍ എന്തൊക്കെ കാര്യങ്ങളാണ് ഹൈക്കമാന്‍ഡിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം നേരത്തെ കെപിസിസി പുനസംഘടനയിലും, അച്ചടക്ക നടപടികളിലുമുള്ള കടുത്ത അതൃപ്തി ഉമ്മന്‍ചാണ്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എഐസിസി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും പ്രവര്‍ത്തന ശൈലിയില്‍ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പറിയിച്ചാണ് ഉമ്മന്‍ചാണ്ടി സോണിയഗാന്ധിയെ കണ്ടത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നടക്കുന്ന പുനസംഘടനയെ ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തു.
ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ അമര്‍ഷം അറിയിച്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അച്ചടക്ക സമിതി വേണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി ഭരണഘടന പ്രകാരമാണോ ഇപ്പോള്‍ നടന്ന അച്ചടക്ക നടപടികളെന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കണം. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്ന് പരാതിപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന വിഡി സതീശന്റെ പ്രതികരണവും സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.