തൃശൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്ര കുമ്മനം രാജശേഖരന്റെ വിലാപയാത്രയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാത്രമല്ല ജനരക്ഷാ യാത്ര ഫ്യൂസ് പോയ പോലെയായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
യാത്ര കൊണ്ട് അമിത് ഷായുടെ ശരീര ഭാരം കുറക്കാമെന്നല്ലാതെ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് മറ്റ് ഗുണമൊന്നുമുണ്ടാവില്ലെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.
അമിത് ഷാക്ക് സാധാരണയില്‍ കവിഞ്ഞ സുരക്ഷയും, സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് അടച്ചു പൂട്ടുകയും, വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും, റോഡുകള്‍ ടാറിട്ടും ജനരക്ഷായാത്രക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരിക്കുകയാണ്. ഇങ്ങനെയാണോ സി.പി.എം, ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫിന്റെ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.