RAMESH CHENNITHALA-NIYAMASABHA

തിരുവനന്തപുരം: ഹെഡ്‌കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എന്നാല്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണം ചെയ്തു. നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഡിജിപിയെ മാറ്റിയത്. പൊലീസിനുണ്ടായ ചില വീഴ്ചകളെ ഡിജിപി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ പൊലീസിനെ നയിക്കുന്നത് സിപിഎം നേതാവ് പി.ജയരാജനാണെന്നും ചെന്നിത്തല ആരോപിച്ചു. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇവിടെ ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുകയാണ് പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കേരളത്തിലെ പൊലീസിന്റെ മനോവീര്യം നഷ്ടമായെന്ന് കെ.മുരളീധരന്‍ എംഎല്‍എ ഇന്നു നിയമസഭയില്‍ ആരോപിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നില്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top