തിരുവനന്തപുരം: മലബാര്‍ ബ്രൂവറി ലൈസന്‍സുകളുടെ പിതൃത്വം യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് എ കെ ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. താന്‍ ചോദിച്ച പത്ത് ചോദ്യത്തിന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞില്ല. 1998 ല്‍ നായനാര്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് ലൈസന്‍സിലേക്ക് എത്തിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2003ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകള്‍ വിജയരാഘവന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. 2003 ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് എല്‍ഡിഎഫായിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പിന്നെ നടപടി ക്രമം മാത്രമാണ് ബാക്കി. ലൈസന്‍സിന് വേണ്ടി മന്ത്രിസഭയുടെ മുന്നില്‍ വരേണ്ടതില്ല. ലൈസന്‍സ് കൊടുക്കുക എന്നത് സ്വാഭാവിക നടപടി മാത്രം. ആന്റണിയോട് എല്‍ഡിഎഫ് നേതാക്കളും എക്‌സൈസ് മന്ത്രിയും മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോടികളുടെ അഴിമതിയാണ് ഇഷ്ടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് എല്‍ഡിഎഫും സര്‍ക്കാരും പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ബ്രൂവറിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും ചെന്നിത്തല വെല്ലുവിളിച്ചു.