മോഹന്‍ഭാഗവതിന്റെ ദേശീയപതാക ഉയര്‍ത്തലില്‍ വിശദീകരണം തേടിയത് തരംതാണ നടപടിയെന്ന്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കിയതില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വാതന്ത്യദിനത്തിന് ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ഡിപിഐ രണ്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നു.

അതനുസരിച്ച് സ്‌കൂള്‍ മേധാവിക്കോ, ജനപ്രതിനിധികള്‍ക്കോ മാത്രമേ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമുള്ളൂ.

എന്നാല്‍ ആര്‍എസ്എസ് മേധാവിയുടെ പതാക ഉയര്‍ത്തല്‍ ഇവയുടെ ലംഘനമാകും എന്നതിനാലാണ് കളക്ടര്‍ അത് വിലക്കിയത്. മാത്രമല്ല ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന നിബന്ധനയും ലംഘിക്കപ്പെട്ടതായി പരാതി ഉണ്ടായതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തോട് വിശദീകരണം ആരാഞ്ഞത് തരംതാണ നടപടിയായിപ്പോയെന്നും ഇത് രാഷ്ട്രീയ പ്രേരിതമാമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top