തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയവിദ്യാഭ്യാസം ധനികര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന സുപ്രിംകോടതി വിധിയുണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.
ഇതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.
വിഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഇടപെട്ടെന്ന തങ്ങളുടെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
വാര്‍ഷിക ഫീസ് 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന സുപ്രീംകോടതി വിധിയുണ്ടായത് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്. വേണ്ടരീതിയില്‍ കേസില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. ഈ കെടുകാര്യസ്ഥതയ്ക്ക് ഇരകളായത് വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
എന്നാല്‍ വിഷയം ചര്‍ച്ചചെയ്യാനുള്ള മര്യാദപോലും സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ഫീസ് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയുള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളിലേക്ക് പോകും. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ് ഫീസ് ഘടനയില്‍ അല്‍പെങ്കിലും സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.