തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കല്‍ 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പറ്റില്ലെന്ന സി.ബി.ഐയുടെ നിലപാട് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാവശ്യപ്പെട്ട് ചെന്നിത്തല കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗിന് കത്തയച്ചു.
നിരവധി കേസുകളുടെ ജോലിഭാരം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാത്തത്. ശ്രീജിവിന്റെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പൊലീസ് പറയുമ്പോള്‍ പൊലീസാണ് ഉത്തരവാദികളെന്ന് പൊലീസ് കംപ്‌ളെയന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് അനുകൂലമായ പൊതുവികാരമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇത് അപൂര്‍വ്വ കേസല്ല എന്ന് സി.ബി.ഐ പറയുന്നത് ശരിയല്ല. പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സി തന്നെയാണ് ഇത് അന്വേഷിക്കേണ്ടത്. അതിനാല്‍ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന സി.ബി.ഐയുടെ നിലപാട് പുന:പരിശോധിക്കണമെന്നും കേസ് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.