തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരിയെന്ന് രമേശ് ചെന്നിത്തല സ്മരിച്ചു.
എംഎല്‍എ ആയ കാലം മുതല്‍ സുഗതകുമാരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ അതുല്യ പ്രതിഭകളും സര്‍ഗ്ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗതകുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, ആലംബ ഹീനരായ ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനു വേണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവര്‍ എക്കാലവും ഉപയോഗിച്ചത്. സാഹിത്യലോകത്ത് അവരെ തേടി എത്താത്ത ബഹുമതികള്‍ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്റെ കവിതയുടെ കാതല്‍ എന്ന് അവര്‍ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരിയുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗാസ്തമയമാണെന്നും ചെന്നിത്തല പറഞ്ഞു.