തിരുവനന്തപുരം: കിഫ്ബി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിംഗ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിംഗിനു പ്രസക്തിയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കാണ് ചെന്നിത്തല മറുപടി നല്‍കിയിരിക്കുന്നത്.
കിഫ്ബിയില്‍ വേണ്ടത് സിഎജിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് തന്നെയാണെന്നാണ് ചെന്നിത്തല ആവര്‍ത്തിച്ചിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സിഎജി ഓഡിറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ചെന്നിത്തല കത്ത് നല്‍കിയിരുന്നു. സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.