കോഴിക്കോട്: വയനാട് വൈത്തിരിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംഭവവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് വൈത്തിരി വെടിവയ്പ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മൂന്നു മാവോയിസ്റ്റുകളാണ് പൊലീസിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ നയമില്ലായ്മയാണ് ഇതിന് കാരണം, ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞിരുന്നു.
എന്നാല്‍, വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.