തിരുവനന്തപുരം: പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയാണെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലുമാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടന്നിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം, ചെന്നിത്തല കുറ്റപ്പെടുത്തി.