അച്ഛന് ഇനി മകന്റെ വക സല്യൂട്ടും ലഭിക്കാന്‍ സാധ്യതയേറെ, അപൂര്‍വ നിമിഷവും കാത്ത് . . .

ramith chennithala

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് ഭരണമാറ്റം സംഭവിച്ചാല്‍ കാത്തിരിക്കുന്നത് അപൂര്‍വ നിമിഷമോ ?
മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210-ാം
റാങ്കാണ് ലഭിച്ചിരിക്കുന്നത്.ഐ.എ.എസ് ലഭിക്കാന്‍ പ്രയാസമാണെങ്കിലും ഐ.പി.എസ് ഉറപ്പാണ്.

അങ്ങനെയായാല്‍ 2020 ഓടെ രമിത്തിന് എ.എസ്.പി ട്രെയിനിയായി ജോയിന്‍ ചെയ്യാന്‍ കഴിയും.കേരള കേഡര്‍ ലഭിക്കാന്‍ അപേക്ഷിച്ചാലും മുന്‍ നിരയില്‍ റാങ്ക് ലഭിച്ചവര്‍ക്കാണ് പരിഗണന എന്നത് മാത്രമാണ് വെല്ലുവിളി. എങ്കിലും സാധാരണ ഗതിയില്‍ കേരള കേഡര്‍ തന്നെ രമിത്തിന് ലഭിക്കാനാണ് സാധ്യത.

യു.ഡി.എഫ് സര്‍ക്കാറില്‍ പൊലീസ് മന്ത്രിയായി കേരളം ഭരിച്ച രമേശ് ചെന്നിത്തലക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ മകന്റെ സല്യൂട്ട് കൂടി ഒഫീഷ്യലായി തന്നെ വാങ്ങാം.അതിന് മുഖ്യമന്ത്രിയോ പൊലീസ് മന്ത്രിയോ ആകണമെന്നു പോലുമില്ല, മന്ത്രിയായാല്‍ മാത്രം മതി. പൊലീസ് വകുപ്പുണ്ടെങ്കില്‍ മകനെ ഒഫിഷ്യലായിട്ട് ‘ഭരിക്കാനും’ ചെന്നിത്തലക്ക് കഴിയും.അച്ഛന് കീഴില്‍ ജോലി ചെയ്യാനുള്ള അപൂര്‍വ ഭാഗ്യം രമിത്തിനും ലഭിക്കും.
രണ്ട് വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാറിന് ഇനി മൂന്ന് വര്‍ഷത്തോളം കാലയളവ് ഉള്ളതിനാല്‍ ചെന്നിത്തലയുടെ മകന് പിണറായിയെ സല്യൂട്ട് അടിച്ചിട്ടു വേണം പൊലീസ് പണി തുടങ്ങാന്‍ എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

കേരള ചരിത്രത്തില്‍ ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും ലഭിക്കാത്തതിനാല്‍ അടുത്ത ഊഴം യു.ഡി.എഫിന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ് അണികളും നേതാവിന്റെ മകന്റെ നേട്ടത്തില്‍ ഏറെ ആഹ്ലാദിക്കുന്നുണ്ട്.ഇനി കേരള കേഡര്‍ കിട്ടിയിട്ടില്ല എന്നു കരുതിയാലും രമിത്തിന് നിരാശപ്പെടേണ്ടി വരില്ല.

മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റായ രമേശ് ചെന്നിത്തലയുടെ കീഴില്‍ പ്രവര്‍ത്തിച്ചവരാണ് മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍.പാര്‍ട്ടി മാറിയെങ്കിലും പഴയ പ്രസിഡന്റിന്റെ മകനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും അവസരം കിട്ടിയാല്‍ മമത കാട്ടിയേക്കുമെന്ന് ഉറപ്പ്.

എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എങ്ങാന്‍ നിയമനം ലഭിച്ചാല്‍ ‘കളി’ മാറും. കോണ്‍ഗ്രസ്സ് നേതാവിന്റെ മകനോട് ബി.ജെ.പി ആയാലും സി.പി.എം ആയാലും വലിയ താല്‍പര്യം കാട്ടാന്‍ സാധ്യത ഇല്ല.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top