നോട്ട് നിരോധനം ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നോട്ടുമാറാന്‍ വേണ്ടി ക്യൂവില്‍നിന്ന 150 പേര്‍ മരണമടഞ്ഞെന്നും, തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നോട്ട് നിരോധനം കാരണം രണ്ട് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും തുടങ്ങി ശക്തമായ വിമര്‍ശനമാണ് നോട്ട് നിരോധന നടപടിക്കെതിരെ ചെന്നിത്തല ഉയര്‍ത്തിയത്.

മാത്രമല്ല, നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ തുക ബിജെപിയില്‍ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തിനെതിരെ ചെന്നിത്തല ആഞ്ഞടിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നോട്ട് നിരോധനം സ്വതന്ത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയം; നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ തുക ബി ജെ പിയില്‍ നിന്നും ഈടാക്കണം.

2016 നവംബര്‍ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകാര്യം ചെയ്യുന്ന ഭാവത്തില്‍ ഏകപക്ഷീയമായ നടപടിയിലൂടെ നിര്‍ത്തലാക്കിയത്. നോട്ടു നിരോധനത്തിലൂടെ 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് ബി ജെ പി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 150 പേര്‍ നോട്ടുമാറാനുള്ള ക്യൂവില്‍ മരണമടഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നോട്ട് നിരോധനം കാരണം 2 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞതുപോലെ നോട്ട് നിരോധനം സംഘടിത കുറ്റവും നിയമാനുസൃത കൊള്ളയുമാണ് എന്ന്പകല്‍ പോലെ വ്യക്തമായി. ഈ വസ്തുക്കള്‍ മറച്ചുവച്ചുകൊണ്ട് നോട്ട് നിരോധനം വന്‍ വിജയമാണെന്നും 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു എന്നുമാണ് സ്വതന്ത്ര ദിന പ്രസംഗത്തില്‍ പോലും മോദി അവകാശപ്പെട്ടത്.

സ്വതന്ത്ര ദിനത്തില്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.നിര്‍ത്തലാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനം (15.28 ലക്ഷം കോടി ) തിരിച്ചു വന്നു എന്നും 8000 കോടിയോളം രൂപ പുതിയ നോട്ട് അച്ചടിക്കാന്‍ ചിലവായി എന്നുമാണ് ആര്‍ ബി ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനം കാരണം 1.28 ലക്ഷം കോടിയുടെ നഷ്ടമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി പഠനം വിലയിരുത്തുന്നത്. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയിട്ടുള്ള ലാഭ വിഹിതത്തില്‍ 50 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കി, ഒരു രൂപയുടെ കള്ളപ്പണം കണ്ടുപിടിക്കാന്‍ രാജ്യത്തെ ഖജനാവില്‍ നിന്നും ചെലവാക്കിയത് 16 രൂപ എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് കണക്കുകളിലൂടെ തെളിയിക്കുന്നത്.നോട്ട് നിരോധനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയുകയും രാജ്യത്തിന് നഷ്ടമായ പണം ബി ജെ പിയില്‍ നിന്നും ഈടാക്കുകയും ചെയ്യണം.

Top