തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷന്‍ നടപടിയില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. നടപടി രാഷ്ട്രീയ പകപോക്കലാണ്. മുന്‍ ആരോഗ്യമന്ത്രിയുടെ അത്രപോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമര്‍ശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകള്‍ക്കെതിരെയുമാകും. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാളയാര്‍ സംഭവം മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളില്‍ കമ്മീഷന്‍ നോക്കുകുത്തിയായ എത്രയോ സംഭവങ്ങള്‍ ഉണ്ട്. ശാരീരികപീഡനത്തിനും സൈബര്‍ ആക്രമണത്തിനും വനിതകളും പെണ്‍കുട്ടികളും ഇരയാകുമ്പോള്‍ ഉറങ്ങുന്ന കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവും. കമ്മീഷന്‍ രാഷ്ട്രീയമായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകള്‍ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സിപിഐഎം ഓര്‍ത്താല്‍ കൊള്ളാമെന്ന് ചെന്നിത്തല പറഞ്ഞു.
കെ എം ഷാജിയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, എം കെ മുനീര്‍ എംഎല്‍എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് പ്രതികാരം വീട്ടുന്നതിന് ഇഡിയെ ഉപയോഗിക്കുന്നത് പോലെ സംസ്ഥാന സര്‍ക്കാര്‍ വനിതാ കമ്മീഷനെയും പൊലീസിനെയും ഉപയോഗിക്കുകയാണെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. കെ എം ഷാജി പറഞ്ഞില്‍ വ്യക്തിപരമായ അവഹേളനമില്ലെന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു.