ഒരു ശക്തി വിചാരിച്ചാലും ലീഗിനെ മുന്നണിയിൽ നിന്ന് അടർത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐഎം തുടരെ തുടരെ ക്ഷണിക്കുന്നത് ഇടതു മുന്നണി ദുർബലം ആയത് കൊണ്ടാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഐഎമ്മിന് മനസിലായി. അതാണ് ഇപ്പോഴത്തെ ക്ഷണത്തിന് പിന്നിൽ. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരു ശക്തി വിചാരിച്ചാലും ലീഗിനെ മുന്നണിയിൽ നിന്ന് അടർത്താൻ സാധിക്കില്ല. ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും ഈ സർക്കാരിനെ ഒരാൾക്കും പിന്തുണയ്ക്കാൻ കഴിയില്ല എന്നും അദ്ദേഹം പരിഹസിച്ചു.

പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള നേതാക്കള്‍, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.

സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പോകില്ലെന്ന് ഉറപ്പായതോടെ ലീഗിനെ തഴുകിയും സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. തലയ്ക്ക് ബോധമില്ലാത്തവരാണ് യുഡിഎഫിന്റെ ഭാഗമായ ലീഗിനെ ക്ഷണിച്ചതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Top