വര്‍ഗീയതയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ; രമേശ് ചെന്നിത്തല

കോഴിക്കോട്: വര്‍ഗീയതയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് രമേശ് ചെന്നിത്തല. ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ ഗ്യാരന്റി നിറവേറ്റാന്‍ മോദിക്ക് സാധിച്ചില്ല. രാമക്ഷേത്രം നിര്‍മിച്ചതാണോ നേട്ടമെന്ന് ചോദിച്ച ചെന്നിത്തല എല്ലാ ആരാധനാലയങ്ങളെയും ഒരു പോലെ കാണുന്നവരാണ് കോണ്‍ഗ്രസെന്നും വ്യക്തമാക്കി.

പത്ത് വര്‍ഷത്തെ നേട്ടം പറയാതെ രാമക്ഷേത്ര നിര്‍മാണം, സിവില്‍ കോഡ്, കശ്മീര്‍ വിഷയമെല്ലാം മോദി പറയുന്നു. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുന്നു. സ്വാര്‍ത്ഥ താല്‍പര്യം കൊണ്ട് ചിലര്‍ പാര്‍ട്ടി വിട്ടേക്കാം. എന്നാല്‍ അണികള്‍ അവര്‍ക്കൊപ്പം പോവില്ല. ചില നേതാക്കള്‍ പോയെന്ന് കരുതി പാര്‍ട്ടി തകരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയാണ് സിപിഐഎം.

കോഴി കോട്ടുവായ ഇടുന്നതു പോലെയാണ് സിപിഐഎം ദേശീയ രാഷ്ട്രീയം പറയുന്നത്. ഇരുപത് സീറ്റും യുഡിഎഫ് നേടും. കേരളത്തിലെ തുടര്‍ഭരണം ബിജെപിയുടെ സംഭാവനയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം.സിപിഐഎമ്മിന് ചെയ്യുന്ന വോട്ട് ഫലത്തില്‍ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

Top