കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് ഉണ്ടായത്. അതെങ്ങനെ വ്യക്തിപരവും സ്ത്രീവിരുദ്ധവുമാകുമെന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിന് കേസെടുത്ത നടപടി സിപിഐഎമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് മുന്‍ ആരോഗ്യമന്ത്രിയോളം പോലും കഴിവില്ലെന്ന് പ്രസംഗിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതെങ്ങനെയാണെന്നും ചെന്നിത്തല.

സ്ത്രീകളും പെണ്‍കുട്ടികളും ശാരീരിക പീഡനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുക്കുന്നതിന്റെ ചേതോവികാരം സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസ്സിലാകും. വാളയാര്‍ സംഭവം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ പെണ്‍മക്കളെ വേട്ടയാടുന്നത് വരെയുള്ള സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്മീഷന്‍ രാഷ്ട്രീയമായി അധഃപതികാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഷാജി ഇത്തരം വേട്ടയാടലിനെ പേടിക്കുന്ന ആളല്ലെന്ന് സി.പി.എം ഓര്‍ക്കുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.

Top