കനത്തമഴ; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാല്‍ ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

Top