ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത് പിണറായിയുടെ മണ്ടന്‍ തീരുമാനം ;ചെന്നിത്തല

തിരുവനന്തപുരം : ടൈറ്റാനിയം കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്. ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത് പിണറായി സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനമാണെന്നും ഇന്റര്‍പോള്‍ അന്വേഷണത്തെ വരെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ഷുഹൈബ് കേസ് സിബിഐക്ക് വിടാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത്. രാഷ്ട്രീയ പകപോക്കലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി.

ഇപ്പോള്‍ പ്രതികളായുള്ളത് ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ്. കേസിന്റെ അന്വേഷണത്തില്‍ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിദേശ കമ്പനി ഉള്‍പ്പെട്ടിട്ടുള്ള കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Top